ആണ് : എന്റെ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ കഴിയണം
പെണ്ണ് : മാതാപിതാക്കളെ നോകേണ്ടത് മക്കളല്ലേ , മരുമക്കളാണോ?
ആണ് : എന്റെ കൂടെയുണ്ടാവണം എന്നാണ് ഉദ്ദേശിച്ചത്
പെണ്ണ് : തീർച്ചയായും , എന്റെ മാതാപിതാക്കളെ നോക്കാനും എന്റെ കൂടെയുണ്ടാവണം
ആണ് : സ്ത്രീധനം എനിക്ക് വേണ്ട , ഞാൻ അതിനെതിരാണ്
പെണ്ണ് : അത് ഞാനും എന്റെ വീട്ടുകാരും തമ്മിലുള്ള തീർപ്പാണ്, ചേട്ടനത് കാര്യമാക്കേണ്ട
ആണ് : എന്റെ വീട്ടിലുള്ളവരെ മനസ്സിലാക്കാനും അവരോടു ചേർന്ന് പോകാനും കഴിയണം
പെണ്ണ് : ഇത്രയും കാലം ഞാൻ എന്റെ വീട്ടുകാരെ മനസ്സിലാക്കിയാണ് ജീവിച്ചത്
ആണ് : അതു സ്വന്തം വീടല്ലേ ?
പെണ്ണ് : അപ്പൊ ചേട്ടന്റെത് എന്റെ സ്വന്തം വീടുപോലാവില്ലെന്നുണ്ടോ ?
ആണ് : അങ്ങിനെയല്ല,എന്തായാലും പുതിയ ആളുകളും പുതിയ ജീവിത രീതിയുമല്ലേ?
പെണ്ണ് : ഞാനും അവർക്ക് പുതിയ ആളല്ലേ ,എന്നെ മനസ്സിലാക്കാനും എന്നോട് ചേർന്ന് പോകാനും അവരെല്ലാം തയ്യാറാണോ ?
വിവാഹം കഴിഞ്ഞാലും എന്റെ വീട്ടിൽ വരാനും ഇടക്കൊക്കെ അവരോടൊത്ത് കഴിയാനും സൌകര്യമുണ്ടാകണം
ആണ് : വിവാഹം കഴിഞ്ഞാൽ പിന്നെ സ്ത്രീകളുടെ വീട് അവരുടെ ഭർത്താവിന്റെ വീടാണ്
പെണ്ണ് : ആ വീട് ചേട്ടന്റെ സ്വന്തമാണോ ?
ആണ് : അല്ല , അത് അച്ഛന്റെ സ്വത്താണ്
പെണ്ണ് : ചേട്ടന്റെ സ്വന്തം വീട് എന്റെയും സ്വന്തം വീടായിരിക്കും
ആണ് : അതിന് സമയമെടുക്കും അതുവരെ ഞാൻ താമസിക്കുന്ന വീടാണ് നിന്റെയും വീട്
പെണ്ണ് : നമ്മളൊരുമിച്ചാണ് പുതിയ ജീവിതം തുടങ്ങുന്നത് ,അപ്പൊ നമ്മളൊരുമിച്ച് തീരുമാനിക്കാം എവിടെ താമസിക്കണമെന്ന്,
കഴിയുമെങ്കിൽ എന്റെ വീട്ടിലും താമസിക്കാം
ആണും പെണ്ണും സംസാരം നിർത്തി ....ആണിനുതോന്നി താൻ വേണ്ടപോലെ തയ്യാറെടുത്തിരുന്നില്ലെന്നു