Monday, 28 July 2014

"കൊരങ്ങൻ"


അനന്തമായ പ്രപഞ്ചത്തിൽ
പച്ചപ്പൊട്ടുപോലൊരു ഭുമി...
ഞാനൊരു പൂമ്പൊടി പോലെ ....
കോടാനുകോടി വർഷങ്ങളുടെ
ചരിത്ര സഞ്ചാരത്തിനിടയിൽ
ഇന്ന് ഇവിടെ ഇപ്പോൾ
ഒരു സൂക്ഷ്മ നിമിഷത്തിന്റെ
സ്വത്തുമായി ഞാൻ .....;
കാറിലിരുന്ന് ഒരു പ്രപഞ്ചയാത്ര....
ഡ്രൈവർ ഉറങ്ങിയോ എന്ന് സംശയം തോന്നിയപ്പൊ
തട്ടി വിളിച്ചു;
രണ്ടു ദിവസമായി ശരിയായി ഉറങ്ങിയിട്ടില്ലത്രെ...
തുടർച്ചയായ ഓട്ടം... !
മനസ്സിൽ തോന്നിയ ഉപദേശങ്ങൾ
വേണ്ടെന്നു വെച്ച് അയാൾ പറയുന്നത്
കേട്ടുകൊണ്ടിരുന്നു ....
രണ്ട് പെണ്‍കുട്ടികളാണ് ;
മൂത്തമകൾ പന്ത്രണ്ടാം ക്ളാസ്സിലായി;
അവരുടെ വിവാഹത്തിനും മറ്റുമായുള്ള
തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ വിശ്രമമില്ലാത്ത ജോലി ....

ഞാൻ വിന്റോ ഗ്ളാസ് മുഴുവനായും പൊക്കിവെച്ചു ;
പുറത്തെ മരതക മഞ്ചിമകളുടെ മനം മയക്കുന്ന കാൻവാസ്സുകൾ
ചില്ലുകൊണ്ട് മൂടിവെച്ചു....

ഒരു വിവാഹം നടത്താൻ
നാലഞ്ചുപേർ ഒപ്പിട്ടാൽ മതിയാകും,
നൂറിൽ താഴെ രൂപമാത്രം  ചിലവുള്ളൊരു കാര്യം .....

തലമുറകൾ പണിപ്പെട്ടെഴുതിയുണ്ടാക്കിയ
സമത്വത്തിന്റെ നിയമങ്ങൾ ....;
എല്ലാം വെറുതെ .....

നൊക്കൂൂ ..
ഈ മനുഷ്യൻ ഉറങ്ങാതെ ഉറങ്ങിയും തളർന്നും
ചിലപ്പോൾ പ്രാർത്ഥിച്ചും,വഴിപാടുകളിട്ടും
വൃഥാവിലാക്കുന്ന അമൂല്യമായൊരായുസ്സ് ....

മനുഷ്യർ  അഭിമാനത്തോടെ  ജീവിക്കുന്നതിനുവേണ്ടി
സംസ്കരിച്ചു വെച്ചതെല്ലാം ഇയാളറിഞ്ഞില്ലെന്നുണ്ടോ...!?

മക്കളുടെ വിവാഹം "മാന്യമായി" നടത്തണമത്രേ....;
കൊരങ്ങൻ....

Thursday, 24 July 2014

"ഇടിമുഴക്കം"


ഞങ്ങളുടെ നാട്ടിൽ  ഒരു കവിയുണ്ടായിരുന്നു
തന്റെ നിശ്വാസങ്ങൾ ചുടുകാറ്റാണെന്നും
തന്റെ ശബ്ദം ഇടിമുഴക്കമാണെന്നും
അദ്ദേഹം പറഞ്ഞു
കവിതകളിലൂടെ അദ്ദേഹം നിലവിളിക്കുന്നത്
ഞങ്ങളാസ്വദിച്ചു
അതുകൊണ്ടുതന്നെ ഞങ്ങളദ്ദേഹത്തെ
നിലവിളിപ്പിച്ചുകൊണ്ടേയിരുന്നു....